കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഗോൾഡിന്റെ വിറ്റുവരവ് 50000 കോടി രൂപ കടന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ ആഗോള വിറ്റുവരവ് 51,218 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 23 ശതമാനമാണ് വളർച്ച നേടിയത്. ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ഗ്രൂപ്പാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്. ആഗോള കൺസൾട്ടൻസി സ്ഥാപനമായ ഡെലോയ്റ്റിന്റെ ലക്ഷ്വറി ഉത്പന്നങ്ങളുടെ ആഗോള റാങ്കിങ് പട്ടികയിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് 19-ാം സ്ഥാനം കരസ്ഥമാക്കി. ഒരു വർഷത്തിനുള്ളിൽ പുതിയ 100 ഷോറൂമുകൾ കൂടി ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
പുതിയ ഷോറൂമുകൾ ആരംഭിക്കുന്നതിലൂടെ 7000 ജീവനക്കാരെ നിയമിക്കും. ഇതോടെ ആകെ ജീവനക്കാരുടെ എണ്ണം 28,000 ആയി ഉയരും. നിലവിൽ 26 രാജ്യങ്ങളിൽനിന്നുള്ള 21,000-ത്തോളം ജീവനക്കാരാണ് മലബാർ ഗ്രൂപ്പിലുള്ളത്. 13 രാജ്യങ്ങളിലായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് നിലവിൽ 345 ഷോറൂമുകളാണുള്ളത്.