തിരുവനന്തപുരം: കേരളത്തില്‍ ഇലക്ട്രിക് വാഹന നിര്‍മാണ പ്ലാന്റ് തുറക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മഹീന്ദ്ര ഗ്രൂപ്പ് അധികൃതര്‍ അടുത്തയാഴ്ചയോടെ കേരളത്തിലെത്തുമെന്നാണ് വിവരം. അതേസമയം, മഹീന്ദ്ര ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ കൂടിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. രാജ്യത്ത് ഇലക്ട്രിക് വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വില്‍പന വളര്‍ച്ചയിലും കേരളം മുന്‍നിരയിലുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം പാസഞ്ചര്‍ വൈദ്യുത വാഹന ശ്രേണിയില്‍ കേരളത്തിന്റെ സാന്ദ്രത 5.6 ശതമാനമാണ്. 3.5 ശതമാനവുമായി ഡല്‍ഹിയാണ് രണ്ടാമത്. കര്‍ണാടക 3.2 ശതമാനവുമായി മൂന്നാമതും.
വൈദ്യുത ഇരുചക്ര വാഹന ശ്രേണിയിലും കേരളമാണ് ഒന്നാം സ്ഥാനത്ത്. കേരളത്തില്‍ സാന്ദ്രത 13.5 ശതമാനവും രണ്ടാംസ്ഥാനത്തുള്ള കര്‍ണാടകയില്‍ 11.5 ശതമാനവുമാണ്. മഹാരാഷ്ട്ര (10.1%), ഡല്‍ഹി (9.4%) എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളില്‍. ഇലക്ട്രിക് വാഹന ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.