തകർന്നത് റെക്കോർഡ്; ലുലു ഐപിഒയ്ക്ക് തുടക്കം, ആദ്യ മണിക്കൂറിൽ ഓഹരി വിറ്റുതീർന്നു

നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം നേടാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു.

author-image
Vishnupriya
New Update
vi

പ്രതീക്ഷകൾക്ക് തിരികൊളുത്തി ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീറ്റെയ്‍ലിന്റെ പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) യുഎഇയിൽ തുടക്കമായി. പ്രതീക്ഷ തെറ്റിക്കാതെ ഐപിഒ ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഓഹരികൾ പൂർണമായും സബ്സ്ക്രൈബ് ചെയ്തു. 1.94 ദിർഹം മുതൽ 2.04 ദിർഹം വരെയാണ് ഇഷ്യൂവില. അതായത് 44.40 രൂപ മുതൽ 46.69 രൂപവരെ. ഈ കണക്കുകൾ പ്രകാരം കമ്പനി ഐപിഒയിലൂടെ ലക്ഷ്യമിടുന്നത് 136 കോടി ഡോളർ മുതൽ 143 കോടി ഡോളർ വരെയാണ്. 

എന്നാൽ, നേരത്തേ 170-180 കോടി ഡോളർ വരെ (15,000 കോടി രൂപവരെ) സമാഹരണം നേടാൻ സാധിക്കുമെന്ന് റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. ലുലു റീറ്റെയ്ൽ ഔദ്യോഗികമായി പ്രഖ്യാപിച്ച വില ഇതിനേക്കാൾ കുറഞ്ഞെങ്കിലും യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡാണ് സ്വന്തമാകുന്നത്. 

അതേസമയം, മറ്റുള്ള ഐപിഒകളേക്കാൾ ലുലു റീറ്റെയ്ൽ ഐപിഒയ്ക്ക് ശക്തമായ ഓവർ സബ്സ്ക്രിഷനുണ്ടാകുമെന്ന് നേരത്തേ തന്നെ കണക്കാക്കപ്പെട്ടിരുന്നു . ഐപിഒ ആരംഭിച്ച് സെക്കൻഡുകൾക്കകം തന്നെ ഓഹരികൾ പൂർണമായും ഓവർസബ്സ്ക്രൈബ്ഡ് ആകാനുള്ള സാധ്യതയും നിരീക്ഷകർ വിലയിരുത്തിയിരുന്നു. ആലെഫ് എഡ്യുക്കേഷൻ (മേയ്, 51.5 കോടി ഡോളർ), പാർക്കിൻ കോ (ഫെബ്രുവരി, 42.9 കോടി ഡോളർ), സ്പിന്നീസ് (ഏപ്രിൽ, 37.5 കോടി ഡോളർ), എഡിഎൻഎച്ച് കാറ്ററിങ് (ഒക്ടോബർ, 23.5 കോടി ഡോളർ) എന്നിവയായിരുന്നു ഈ വർഷത്തെ മറ്റ് വലിയ ഐപിഒകൾ. 

ഓഗസ്റ്റിൽ എൻഎംഡിസി നടത്തിയ 87.7 കോടി ഡോളറിന്റേതാണ് നിലവിൽ ഈ വർഷത്തെ റെക്കോർഡ്. യുഎഇയിലെ ഏറ്റവും വലിയ റീറ്റെയ്‍ലർ ഐപിഒ, യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐപിഒ എന്നിങ്ങനെ റെക്കോർഡുകളും ലുലുവിന് സ്വന്തമാകും. പാർക്കിൻ ഈ വർഷം നേടിയ 165 മടങ്ങാണ് റെക്കോർഡ്. സ്പിന്നീസ്, സൗദി സ്ഥാപനമായ ബിൻദാവൂദ് ഹോൾഡിങ് എന്നിവയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലുലു റീറ്റെയ്‍ലിനെ കാത്തിരിക്കുന്ന പ്രധാനികൾ.

ഇന്ത്യയിൽ നിന്നും ലുലു റീറ്റെയ്ൽ ഓഹരി വാങ്ങാനാകും. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടപാട് നടത്താനാവശ്യമായ എൻഐഎൻ ഉണ്ടാകണമെന്ന് മാത്രമാണ് നിബന്ധന.  ഇതിനു പുറമേ യുഎഇയിൽ ബാങ്ക് അക്കൗണ്ടും വേണം അല്ലെങ്കിൽ ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഇന്ത്യയിലെ നിയമങ്ങൾക്ക് കൂടി വിധേയമായാകും ഓഹരിക്കായി അപേക്ഷിക്കാനാകുക. ഓഹരികൾ വാങ്ങാൻ താൽപര്യമുള്ളവർ ഐപിഒയുടെ റിസീവിങ് ബാങ്കുകളിലൊന്നിനെ സമീപിച്ച് അപേക്ഷിക്കാം. ബാങ്കുകൾക്ക് ഇതിനായി ഓൺലൈനിലും ശാഖകളിലും സൗകര്യമുണ്ടാകും. മൊബൈൽ ബാങ്കിങ് വഴിയും വാങ്ങാം. ഫസ്റ്റ് അബുദാബി ബാങ്ക്, എഡിസിബി, ദുബൈയ് ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക്, എമിറേറ്റ്സ് എൻബിഡി, മാഷ്റെക്ക് എന്നിവയാണ് റിസീവിങ് ബാങ്കുകൾ.

MA Yusuf Ali ipo lulugroup