ന്യൂഡല്‍ഹി: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഐപിഒയ്ക്ക് ഒരുങ്ങുന്നു. ഇതിലൂടെ ഏകദേശം 16,700 കോടി രൂപ ( 2 ബില്യണ്‍ ഡോളര്‍) സമാഹരിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്. ലുലു ഗ്രൂപ്പ് ഇരട്ട ലിസ്റ്റിംഗിന് ഒരുങ്ങുന്നതായാണ് സൂചന. യു.എ.ഇയിലെ അബുദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിന് പുറമേ സൗദി അറേബ്യന്‍ സ്റ്റോക്ക് എക്സ്ചേഞ്ചായ തദാവൂളിലും ലുലു ഓഹരികള്‍ ലിസ്റ്റ് ചെയ്തേക്കും. 2024ന്റെ രണ്ടാംപകുതിയിലായിരിക്കും പ്രാരംഭ ഓഹരി വില്‍പന നടത്തുക.
എമിറേറ്റ്സ് എന്‍.ബി.ഡി ക്യാപ്പിറ്റല്‍, അബുദബി കൊമേഴ്സ്യല്‍ ബാങ്ക്, സിറ്റി ഗ്രൂപ്പ്, എച്ച്.എസ്.ബി.സി ഹോള്‍ഡിംഗ്സ് എന്നിവയായിരിക്കും ലുലു ഗ്രൂപ്പ് ഐ.പി.ഒയുടെ ബാങ്കിംഗ് പങ്കാളികള്‍. മോലീസ് ആന്‍ഡ് കോ (ങീലഹശ െ& ഇീ) ആയിരിക്കും ധനകാര്യ ഉപദേശകര്‍. അതേസമയം, ബാങ്കുകളോ ലുലു ഗ്രൂപ്പോ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
2020ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 ബില്യണ്‍ ഡോളറാണ് (ഏകദേശം 41,700 കോടി രൂപ) ലുലു ഗ്രൂപ്പിന്റെ മൂല്യം. അബുദാബി രാജകുടുംബത്തിന്റെ പക്കല്‍ ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികളുണ്ട്. ഇതിന്റെ മൂല്യം 100 കോടി ഡോളറിനുമേല്‍ വരും (8,350 കോടി രൂപ).