റിയാദ്: സൗദി അറേബ്യയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ബിസിനസ് സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സൗദിയുമായി ലുലു ഗ്രൂപ്പ് കരാറിൽ ഒപ്പിട്ടു. സൗദിയിൽ 100 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. മക്കയിലും മദീനയിലുമായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുക. ഇതിൽ നക്ഷത്ര ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നു. എട്ട് ഘട്ടങ്ങളായായിരിക്കും പദ്ധതിയുടെ പ്രവർത്തനം പൂർത്തിയാക്കുക.
മക്ക ജബൽ ഒമറിലെ സൂഖുൽ ഖലീൽ 3ൽ ആരംഭിക്കുന്ന ഹൈപ്പർ മാർക്കറ്റിന്റെ നിർമാണ ചുമതല ജബൽ ഒമർ ഡെവലപ്പ്‌മെന്റ് കമ്പനിക്കാണ്. മദീനയിലെ പദ്ധതി അൽമനാഖ അർബൻ പ്രൊജക്ടാകും പൂർത്തിയാക്കുക. മദീനയിലെ ലുലു 23,260 ചതുരശ്ര അടി വിസ്തൃതിയിലാണ് ഉയരുന്നത്.
സൗദിയിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിലായി 1,100 സൗദി വനിതകളുൾപ്പെടെ 3,300 സൗദികളാണിപ്പോൾ ജോലി ചെയ്യുന്നത്. പുതിയ രണ്ട് പദ്ധതികൾ കൂടി പൂർത്തിയാകുന്നതോടെ ഇവിടെ മലയാളികൾക്കും തൊഴിൽ ലഭിക്കുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി.