മുംബൈ : പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേക്കു ചുവടുവയ്ക്കാന്‍ ഒരുങ്ങുന്നു. ഈ മേഖലയില്‍ അതിവേഗമുള്ള വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു. എല്‍.ഐ.സി.യുടെ പ്രവര്‍ത്തനഫലം വിശദീകരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച് സൂചനനല്‍കിയത്.
അതേസമയം, നിലവിലെ ഇന്‍ഷുറന്‍സ് നിയമമനുസരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കാനാവില്ല. ലൈഫ് - ജനറല്‍ - ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഒരുമിച്ചുനല്‍കുന്നതിനും ഏകീകൃത ലൈസന്‍സ് ലഭ്യമാക്കുന്നതിനും നിലവിലെ നിയമപ്രകാരം ഐ.ആര്‍.ഡി.എ. ഐ.ക്ക് കഴിയില്ല. ഇതിനായി 1938-ലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.
നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പോളിസിക്കൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടമെന്ന രീതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാമെങ്കിലും അതിന് പരിമിതികളുണ്ട്. ആശുപത്രിച്ചെലവൊന്നും ഇതിലുള്‍പ്പെടുത്താനാകില്ല. ഏകീകൃത ലൈസന്‍സ് ലഭിച്ച വിവിധ വിഭാഗത്തിലുള്ള ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഒരേ കമ്പനിക്കു നല്‍കാനായാല്‍ അത് പ്രീമിയം ഇനത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള ചെലവുകുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.