നെടുമ്പാശ്ശേരി: രജത ജൂബിലി ആഘോഷത്തിന്റെ നിറവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. സിയാല്‍ യാഥാര്‍ഥ്യമായിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. പൊതു - സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിച്ച രാജ്യത്തെ ആദ്യ വിമാനത്താവളം 1999 മേയ് 25ന് അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് നാടിന് സമര്‍പ്പിച്ചത്. ലോകത്തെ ആദ്യ സമ്പൂര്‍ണ സോളാര്‍ വിമാനത്താവളമാണിത്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഏഴാമതും അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാമതുമാണ്.
ആദ്യ വര്‍ഷം കൊച്ചി വഴി യാത്ര ചെയ്തത് 4.96 ലക്ഷം യാത്രക്കാരാണെങ്കില്‍ ഇന്നത് ഒരു കോടി പിന്നിട്ടിരിക്കുകയാണ്. 2022-23 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 18 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യവര്‍ഷം 6,473 വിമാനങ്ങളായിരുന്നു സര്‍വീസ് നടത്തിയത്. ഇന്നിത് 70,203 വിമാന സര്‍വീസുകളായും ഉയര്‍ന്നു. ഒരു ദിവസം ഇരുനൂറോളം സര്‍വീസുകളാണ് സിയാല്‍ മുഖേന നടക്കുന്നത്. നിത്യേന 35,000 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോകുന്നു. 31 നഗരങ്ങളിലേക്ക് കൊച്ചിയില്‍നിന്ന് സര്‍വീസുണ്ട്.
25 വര്‍ഷത്തിനുള്ളില്‍ നിരവധി വികസന പദ്ധതികള്‍ സിയാല്‍ നടപ്പാക്കി. ജെറ്റ് ടെര്‍മിനല്‍ ഉള്‍പ്പെടെ മൂന്ന് ടെര്‍മിനലുകള്‍ സിയാലിലുണ്ട്. രണ്ട് ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുള്ള കാര്‍ഗോ ടെര്‍മിനല്‍ സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 63,642 ടണ്‍ കാര്‍ഗോ സിയാല്‍ കൈകാര്യം ചെയ്തു. നടപ്പുവര്‍ഷം 75,000 ടണ്‍ ആണ് പ്രതീക്ഷിക്കുന്നത്.