തൃശൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി കെ.കെ. അജിത് കുമാറിനെ നിയമിച്ചു. ജൂണ്‍ 20 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബുധനാഴ്ച
ചേര്‍ന്ന ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡാണ് നിയമനാനുമതി നല്‍കിയത്. റിസര്‍വ് ബാങ്കിന്റെ അനുമതി കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചിരുന്നു.
ഓഹരി ഉടമകളുടെ അനുമതിയും വൈകാതെ തേടുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ധനലക്ഷ്മി ബാങ്ക് വ്യക്തമാക്കി. ജനുവരിയില്‍ വിരമിച്ച ജെ.കെ. ശിവന്റെ പിന്‍ഗാമിയായാണ് കെ.കെ. അജിത് കുമാര്‍ എത്തുന്നത്.
ബാങ്കിംഗ് രംഗത്ത് 36 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുള്ള അജിത് കുമാര്‍, ഫെഡറല്‍ ബാങ്കില്‍ നിന്നാണ് ധനലക്ഷ്മി ബാങ്കിലേക്ക് എത്തുന്നത്. ഫെഡറല്‍ ബാങ്കില്‍ പ്രസിഡന്റും ചീഫ് എച്ച്ആര്‍ ഓഫീസറുമായിരുന്നു. വായ്പ, എച്ച്ആര്‍, ബിസിനസ്, ബ്രാഞ്ച് ബാങ്കിംഗ് വിഭാഗങ്ങളുടെ ചുമതല വഹിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡറല്‍ ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസിന്റെ ഡയറക്ടറുമായിരുന്നു.
മികച്ച എച്ച്ആര്‍ ലീഡറിനുള്ള സ്വര്‍ണ മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയുള്ള അജിത് കുമാര്‍ കേരള അഗ്രികള്‍ചറല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും കുസാറ്റില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.