വയനാട്: ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 1.41 കോടി രൂപ സംഭാവന നല്‍കി. കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്‌സണ്‍ വിമല വിജയഭാസ്‌കര്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരള ഗ്രാമീണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ പ്രദീപ് പദ്മന്‍, റീജിയണല്‍ മനേജര്‍ സുബ്രഹ്മണ്യന്‍ പോറ്റി എന്നിവരും ഒപ്പമുണ്ടായിരുന്നു. കേരള ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ രണ്ടു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനമെടുക്കുകയും ജീവനക്കാരുടെ സംഘടനകള്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ ചെക്ക് കൈമാറിയത്. സംഘടനകളെ പ്രതിനിധീകരിച്ച് ബിഗേഷ് ഉണ്ണിയാന്‍, രാജേഷ്, ഹരിശ്യാം, നിജിന്‍ എന്നിവരും പങ്കെടുത്തു.