കൊച്ചി: ഇ- കൊമേഴ്‌സ് ബ്രാന്‍ഡായ കാന്‍ഡിയറിന്റെ (എനോവേറ്റ് ലൈഫ്സ്‌റ്റൈല്‍സ്) ഓഹരികള്‍ ഏറ്റെടുത്ത് കല്യാണ്‍ ജുവലേഴ്‌സ്. 15 ശതമാനം ഓഹരികള്‍ കൂടിയാണ് കമ്പനി ഏറ്റെടുത്തത്. ഇതോടെ കല്യാണിന്റെ പൂര്‍ണ ഉപകമ്പനിയായി കാന്‍ഡിയര്‍ മാറി. കാന്‍ഡിയര്‍ സ്ഥാപകന്‍ രൂപേഷ് ജെയിനില്‍ നിന്നാണ് 42 കോടി രൂപയ്ക്ക് ഓഹരി സ്വന്തമാക്കുന്നത്. 57,320 ഓഹരികളാണ് പുതുതായി ഏറ്റെടുത്തത്. ഇ-കൊമേഴ്സ് മേഖലയിലേക്ക് കടക്കാനായി 2017ലാണ് കല്യാണ്‍ ജുവലേഴ്സ് ഓണ്‍ലൈന്‍ ജുവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയത്. പിന്നീട് പല ഘട്ടങ്ങളിലായി ഓഹരി ഉയര്‍ത്തി 85 ശതമാനം ആക്കുകയായിരുന്നു. 280 കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു കാന്‍ഡിയറിന്റെ ഏറ്റെടുക്കല്‍.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാന്‍ഡിയറിന്റെ വരുമാനം 130.3 കോടി രൂപയാണ്.കഴിഞ്ഞ വര്‍ഷം 11 ഷോറൂമുകള്‍ കാന്‍ഡിയറിനു കീഴില്‍ തുറന്നിരുന്നു. ഈ വര്‍ഷം 50 കാന്‍ഡിയര്‍ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജുവലേഴ്സ് ലക്ഷ്യമിടുന്നത്.
കല്യാണ്‍ ജുവലേഴ്സ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 596 കോടിരൂപയാണ് ലാഭം രേഖപ്പെടുത്തിയത്. വിറ്റുവരവ് 18,548 കോടി രൂപയുമായി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് 233 ശതമാനം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്സ്.