മുംബൈ: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ പ്രാരംഭ ഓഹരി വില്‍പ്പന ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും.
420-440 കോടി ഡോളര്‍ മൂല്യം കണക്കാക്കിയാണ് കമ്പനി ഓഹരിവില്‍പ്പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് ആറിന് ഐ.പി.ഒ അവസാനിക്കും. ഓഗസ്റ്റ് 9നാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്. ഇതോടെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായി ഒല മാറും.
ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനും ഓല ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഐ.പി.ഒയുടെ പശ്ചാത്തലത്തില്‍ അതില്‍ നിന്ന് തല്‍ക്കാലം പിന്‍വാങ്ങുന്നതായി കമ്പനി അറിയിച്ചു.
പുതിയ ഓഹരികളിറക്കി 5,500 കോടി രൂപയാണ് പ്രാഥമിക വിപണിയില്‍ നിന്ന് ഓല ഇലക്ട്രിക് സമാഹരിക്കുക. പത്തു രൂപ മുഖവിലയുള്ള 9.52 കോടി ഓഹരികളാണ് നിലവിലെ നിക്ഷേപകരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ വഴി ലഭ്യമാക്കുക. ഇതില്‍ ഓല ഇലക്ട്രിക് സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ 3.79 കോടി ഓഹരികള്‍ വിറ്റഴിക്കും.