കൊച്ചി: 2023-24 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ(ജനുവരി-മാർച്ച്) കണക്കുകൾ ഇസാഫ് ബാങ്ക് പുറത്തുവിട്ടു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നിക്ഷേപത്തിൽ വർധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ മൊത്ത നിക്ഷേപം 19,868 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 14,666 കോടി രൂപയായിരുന്നു. 35.47 ശതമാനമാണ് വർധനവ്. ബാങ്കിന്റെ ടേം വായ്പകൾ 11,528 കോടി രൂപയിൽ നിന്ന് 15,366 കോടി രൂപയായും ഉയർന്നു.
കറന്റ് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളിലും വർധനവ് രേഖപ്പെടുത്തി. 2023 മാർച്ചിലെ 3,138 കോടി രൂപയിൽ നിന്ന് 4,502 കോടിയായി ഉയർന്നു. കാസ റേഷ്യോയും മെച്ചപ്പെട്ടു. 21.40 ശതമാനത്തിൽ നിന്ന് 22.66 ശതമാനമായി. ബാങ്കിന്റെ മൊത്തം വായ്പകൾ 18,878 കോടി രൂപയായി. 33.72 ശതമാനമാണ് വർധനവ്. മുൻ വർഷം ഇത് 14,118 കോടി രൂപയായിരുന്നു.
ചെറുകിട വായ്പകൾ 44.56 ശതമാനവും സൂക്ഷ്മ വായ്പകൾ 29.31 ശതമാനവും വളർച്ച നേടി. ബാങ്ക് കൈകാര്യം ചെയ്യുന്ന ആസ്തി 21.03 ശതമാനം വർധിച്ച് 19,765 കോടി രൂപയിലെത്തി.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 998 കോടി രൂപയായി. മുൻവർഷം ഇത് 352 കോടി രൂപയായിരുന്നു. 183.89 ശതമാനമാണ് വർധനവ്. അറ്റ നിഷ്‌ക്രിയ ആസ്തി 158 കോടി രൂപയിൽ നിന്ന് 487 രൂപയായി ഉയർന്നു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി മുൻവർഷത്തെ 2.49 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 1.13 ശതമാനത്തിൽ നിന്ന് 2.65 ശതമാനമായും ഉയർന്നു.