കൊച്ചി : കീമോതെറാപ്പിക്ക് ഒടുവിൽ സ്തനാർബുദ രോഗികളിൽ അവശേഷിക്കുന്ന ട്യൂമർ ഭാഗങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിന് പുതിയ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ക്ലിപ് ആൻഡ് ബ്ലൂ പ്ലേസ്മെന്റ് എന്ന ഈ പുതിയ ചികിത്സ രീതിക്ക് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ അംഗീകാരം ലഭിച്ചു. ആലുവ രാജഗിരി ആശുപത്രി ഓങ്കോളജി വിഭാഗം ഡോക്ടർമാരാണ് കണ്ടെത്തലിന് പിന്നിൽ. നിലവിൽ ട്യൂമർ തിരിച്ചറിയുന്നതിന് പലതരത്തിലുള്ള മാർക്കിംഗ് രീതികളാണ് ആഗോള തലത്തിൽ ഉപയോഗിക്കുന്നത്. ഇത് ഓരോന്നും ചെലവേറിയ രീതികൾ ആയതിനാൽ സാധാരണക്കാർക്ക് സാധ്യമായിരുന്നില്ല. ഇതിന് പരിഹാരമാണ് ഓങ്കോളജി സർജന്മാരായ ഡോ. സുബി ടി.എസ്, ഡോ. ആനന്ദ് എബിൻ, റേഡിയോളജിസ്റ്റ് ഡോ. ടീന സ്ലീബ എന്നിവരുടെ നേതൃത്വത്തിലെ പുതിയ കണ്ടെത്തൽ. മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ചു സിറിയക്, ഡോ.അരുൺ ഫിലിപ്പ്, ഡോ. അശ്വിൻ ജോയ്, പത്തോളജി വിഭാഗം മേധാവി ഡോ. ലത എബ്രാഹാം എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സ്തനാർബുദ സംരക്ഷണ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ ചെയ്യാമെന്നതാണ് നേട്ടം. സ്തനാർബുദം സ്ഥിരീകരിച്ച രോഗികളിൽ ചിലർക്ക് ശസ്ത്രക്രിയക്ക് മുമ്പായി കീമോതെറാപ്പി നൽകേണ്ടി വരും. ഇവരിൽ കീമോതെറാപ്പിക്ക് മുൻപ് തന്നെ ട്യൂമറിനുളളിൽ ക്ലിപ് ഇടുന്നു. കീമോതെറാപ്പി കഴിയുമ്പോൾ ട്യൂമർ ചുരുങ്ങി അവശേഷിക്കുന്ന ഭാഗം ക്ലിപ്പിനോട് ചേരും. പിന്നീട് ശസ്ത്രക്രിയ സമയത്ത് അൾട്രാ സൗണ്ടിൻ്റെ സഹായത്തോടെ നീല നിറത്തിലുളള മെഥലിൻ ക്ലിപ്പിൻ്റെ ചുറ്റും കുത്തി വെയ്ക്കുന്നു.ഇത് അവശേഷിക്കുന്ന ഭാഗം വ്യക്തമായി സങ്കീർണതകളില്ലാതെ നീക്കുവാൻ സർജനെ സഹായിക്കുന്നു. മില്ലിമീറ്റർ വലുപ്പത്തിലേക്ക് ട്യൂമർ ചുരുങ്ങുന്നതിനാൽ സ്തനത്തിന്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടാതെ തന്നെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിയുന്നു.
കുറഞ്ഞ ചിലവിൽ സ്തനം സംരക്ഷിച്ച് അർബുദത്തെ നേരിടാനാകുമെന്നത് രോഗികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് ഡോ. സുബി ടി.എസ്, ഡോ. ആനന്ദ് എബിൻ എന്നിവർ അഭിപ്രായപ്പെട്ടു. ഒരു സൂചി മുറിവിലൂടെ അൾട്രാ സൗണ്ട് സഹായത്തോടെ വേദന രഹിതമായി ക്ലിപ്പിംഗ് ചെയ്യാമെന്നത് രോഗികൾക്ക് വലിയ ആശ്വസമാണെന്ന് ഡോ. ടീന സ്ലീബ പറഞ്ഞു.
രാജഗിരി കാൻസർ സെന്ററിന് കീഴിലുള്ള വിവിധ ക്ലിനിക്കൽ വിഭാഗങ്ങളുടെ മൂന്നു വർഷം നീണ്ട നിരന്തര പരിശ്രമങ്ങളാണ് ഒടുവിൽ വിജയത്തിലെത്തിയത്. അർബുദ ചികിത്സ തന്നെ ചെലവേറുന്ന കാലത്ത് സാമൂഹ്യ പ്രതിബദ്ധത വെളിവാക്കുന്ന കണ്ടുപിടിത്തമെന്ന് രാജഗിരി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം അഭിപ്രായപ്പെട്ടു.
നേരത്തെ ബംഗളൂരുവിൽ നടന്ന ദേശീയ ഓങ്കോളജി സമ്മേളനത്തിൽ ഈ വർഷത്തെ മികച്ച ഗവേഷണമായി ഇത് തെരഞ്ഞെടുത്തിരുന്നു. മുപ്പതിനായിരത്തിന് മുകളിൽ ചിലവ് വരുന്ന നിലവിലെ രീതികൾക്ക് പകരം 2000 രൂപയിൽ താഴെ മാത്രം മുടക്കിയുള്ള പുതിയ ചികിത്സ വികസ്വര രാജ്യങ്ങളിലെ ജനങ്ങൾക്ക് സ്വീകാര്യമാകും.