ന്യൂഡല്‍ഹി: വിപണി മൂല്യത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഗോള എയര്‍ലൈന്‍ കമ്പനികളിലാണ് എയര്‍ലൈന്‍ മൂന്നാമതെത്തിയത്. ബുധനാഴ്ച ഇന്‍ഡിഗോയുടെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്‍ഡിഗോയുടെ വിപണി മൂല്യവും ഉയര്‍ന്നത്. തുടര്‍ച്ചയായ നാലാം ദിവസവും വിപണി മൂല്യം ഉയര്‍ന്നതോടെ ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരി വിലയും ഉയര്‍ന്നു. ഓഹരി വില 3,801 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 1.46 ലക്ഷം കോടി രൂപയായി.
2023ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ആറാമത്തെ എയര്‍ലൈന്‍ കമ്പനിയായി മാറിയിരുന്നു ഇന്‍ഡിഗോ. നിലവില്‍ അമേരിക്കയിലെ ഡെല്‍റ്റ എയര്‍, അയര്‍ലന്‍ഡിലെ റൈനെയര്‍ ഹോള്‍ഡിംഗ്സ് എന്നിവയാണ് ടോപ് കമ്പനികള്‍. ഇവയുടെ മൂല്യം 30.4 ബില്യണ്‍ ഡോളര്‍, 26.5 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ്.
ഇന്‍ഡിഗോ പത്ത് എ320 നിയോ വിമാനങ്ങള്‍ വാങ്ങാന്‍ മാര്‍ച്ച് 15ന് ഓര്‍ഡര്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ മുന്നേറ്റമുണ്ടായത്.