ന്യൂഡല്‍ഹി: 2047ഓടെ ഇന്ത്യ ഒരു വികസിത സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ട്. ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ഇന്ത്യ@100: 26 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ സാധ്യത തിരിച്ചറിയല്‍ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2047-48ഓടെ 26ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥ ആവുക എന്നതാണ് ഇതിലെ പ്രധാന നിരീക്ഷണം.
സ്ഥിരമായ നയപരിഷ്‌കാരങ്ങളും ഡിജിറ്റല്‍ വിപ്ലവങ്ങളും രാജ്യത്തിന്റെ സവിശേഷമായ ജനസംഖ്യാപരമായ നേട്ടങ്ങള്‍ എന്നിവ കൊണ്ട് ഈ മാറ്റം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. ഇടക്കാലം കൊണ്ട് അതിവേഗം വളരുന്ന വലിയ സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യയെത്തുമെന്നും ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ഇന്ത്യ@100:26 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ സാധ്യത തിരിച്ചറിയല്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. 2047-48ഓടെ പ്രതിശീര്‍ഷ വരുമാനം 15000 ഡോളറില്‍ കൂടുതലുള്ള വികസിത സമ്പദ് വ്യവസ്ഥകളുടെ ഇടയിലേക്ക് ഇന്ത്യ അതിവേഗത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നത്.
സേവന കയറ്റുമതിയില്‍, പ്രത്യേകിച്ച് ഐടി, ബിപിഒ വ്യവസായങ്ങളില്‍ ഗണ്യമായ വര്‍ദ്ധനവ് കാരണം ബിസിനസ്സ്, ടെക്‌നോളജി സേവനങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറി. ഇന്ത്യയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, യുപിഐ, ഇന്ത്യ സ്റ്റാക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ സാമ്പത്തിക നേട്ടവും ബിസിനസ് അവസരങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ ഇന്ത്യയെ ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക സ്ഥാനത്തേക്ക് എത്തിക്കുന്നുവെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.