മുംബൈ: രാജ്യത്തെ ബാങ്കുകളുടെ കടമെടുപ്പില്‍ വര്‍ധന രേഖപ്പെടുത്തി. ജൂലായ് 26 വരെയുള്ള ആര്‍.ബി.ഐ.യുടെ കണക്കനുസരിച്ച് ബാങ്കുകളുടെ മൊത്തം കടമെടുപ്പ് 9.32 ലക്ഷം കോടി രൂപയിലെത്തി. റീജണല്‍ റൂറല്‍ ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പേമെന്റ് ബാങ്കുകള്‍ എന്നിവയുടേത് ഉള്‍പ്പെടെയുള്ള കണക്കാണിത്. മുന്‍ വര്‍ഷം ഇത് 7.84 ലക്ഷം കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനമാണ് വര്‍ധന. ഏപ്രില്‍ അഞ്ചിലെ 7.75 ലക്ഷം കോടിയേക്കാള്‍ 20 ശതമാനവും. നിക്ഷേപ-വായ്പാ വളര്‍ച്ചയിലെ അന്തരമാണ് ബാങ്കുകളുടെ കടമെടുപ്പുകൂടാന്‍ കാരണമായിരിക്കുന്നത്.
ബാങ്കുകള്‍ കടമെടുക്കുന്നതില്‍ കൂടുതലും ആര്‍.ബി.ഐ.യുടെ റിപ്പോ ഇടപാടുകള്‍ വഴിയാണ്. അഡീഷണല്‍ ടിയര്‍വണ്‍ കടപ്പത്രങ്ങള്‍ വഴിയും ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍വഴിയുമുള്ള ദീര്‍ഘകാലത്തേക്കുള്ള കടമെടുപ്പും ഇതിലുള്‍പ്പെടുന്നു. വര്‍ധിച്ച വായ്പാ ആവശ്യം നേരിടാനും പണലഭ്യത ഉറപ്പാക്കാനുമായി ബാങ്കുകള്‍ സമീപകാലത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍വഴി ധനസമാഹരണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.