ന്യൂഡല്‍ഹി: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലുള്ള നിക്ഷേപത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ജൂണില്‍ 17 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മേയിലെ 34,697 കോടി രൂപയില്‍ നിന്ന് 40,608 കോടി രൂപയായാണ് ഇക്വിറ്റി നിക്ഷേപം വര്‍ധിച്ചത്. ഏപ്രിലില്‍ ഇത് വെറും 18,917 കോടി രൂപയായിരുന്നു.
ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 27.68 ലക്ഷം കോടിയായതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയ് 31ന് ഇത് 25.39 ലക്ഷം കോടി രൂപയായിരുന്നു.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്.ഐ.പി) വഴി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപവും വര്‍ധിച്ചു. മേയിലെ 20,904 കോടി രൂപയില്‍ നിന്ന് 21,262 കോടിയായി. ജൂണില്‍ മാത്രം പുതുതായി 55.12 ലക്ഷം എസ്.ഐ.പി അക്കണ്ടുകളാണ് തുറന്നത്. ഇതോടെ മൊത്തം എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 8.98 കോടിയായി.ഡെറ്റ് മ്യൂച്വല്‍ഫണ്ടുകളിലേക്കുള്ള നിക്ഷേപം ജൂണില്‍ 1.07 ലക്ഷം കോടിയായി. മേയിലെ 42,295 കോടി രൂപയില്‍ നിന്നാണ് വര്‍ധന.