ന്യൂഡല്‍ഹി : യൂണിഫൈഡ് പേമെന്റ് ഇന്‍ര്‍ഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടില്‍ വന്‍ വര്‍ധനയെന്ന് നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ പ്രവീണ റായ് പറഞ്ഞു. റുപേ ക്രെഡിറ്റ് കാര്‍ഡ് യു.പി.ഐയുമായി ബന്ധിപ്പിച്ചതും കൂടുതല്‍ വിദേശരാജ്യങ്ങളില്‍ സേവനം ലഭ്യമാക്കിയതും കൊണ്ടാണ് ഇടപാടുകാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. ഓരോ മാസവും 30 മുതല്‍ 60 ലക്ഷം വരെ പുതിയ ഉപയോക്താക്കള്‍ യു.പി.ഐയിലേക്ക് വരുന്നതായും പ്രവീണ റായ് പറഞ്ഞു.
എന്‍.പി.സി.ഐയുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ 49 ശതമാനമാണ് യു.പി.ഐ ഇടപാടുകളില്‍ വര്‍ധനയുണ്ടായത്. ആകെ ട്രാന്‍സാക്ഷന്‍ വാല്യു ജൂണില്‍ 20.1 ലക്ഷംകോടി രൂപയിലേക്ക് ഉയര്‍ന്നു. 66,903 കോടി രൂപ മൂല്യം വരുന്ന 463 ദശലക്ഷം ഇടപാടുകളാണ് ഓരോ ദിവസവും നടക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ വിപണി വിഹിതം ഒരു ശതമാനമായിരുന്നത് പത്ത് ശതമാനത്തിലേക്ക് ഉയര്‍ന്നു.
രാജ്യത്ത് വന്‍ വിജയമായതോടെ വിദേശ രാജ്യങ്ങളിലും യു.പി.ഐ സേവനം ലഭ്യമക്കി. യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മായ യു.പി.ഐ പേമെന്റുകള്‍ സ്വീകരിച്ചു തുടങ്ങി.