കൊച്ചി: ഫെഡറൽ ബാങ്കിന്റെ നിക്ഷേപത്തിൽ വർധനവ് രേഖപ്പെടുത്തി. 18.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ മൊത്ത നിക്ഷേപം 2.39 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 2.13 ലക്ഷം കോടി രൂപയായിരുന്നു. ഫെഡറൽ ബാങ്ക് പുറത്തുവിട്ട 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിലെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബാങ്കിന്റെ ഉപഭോക്തൃ നിക്ഷേപത്തിലും വർധനവ് രേഖപ്പെടുത്തി. മാർച്ച് 31 ന് ബാങ്കിന്റെ ഉപഭോക്തൃ നിക്ഷേപം 2.40 ലക്ഷം കോടി രൂപയിലെത്തി. മുൻ വർഷം ഇത് 2.02 ലക്ഷം കോടി രൂപയായിരുന്നു. 18.8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇന്റർബാങ്ക് ഡെപ്പോസിറ്റുകളും സെർട്ടിഫിക്കറ്റ്‌സ് ഓഫ് ഡെപ്പോസിറ്റുകളും ഒഴികെയുള്ളതാണ് ഉപഭോക്തൃ നിക്ഷേപങ്ങൾ.
ജനുവരി-മാർച്ച് പാദത്തിലെ ബാങ്കിന്റെ മൊത്തം വായ്പകൾ 2.12 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 1.77 ലക്ഷം കോടി രൂപയായിരുന്നു. 19.9 ശതമാനമാണ് വളർച്ച. ഇതോടെ ബാങ്കിന്റെ മൊത്തം ബിസിനസ് 4.65 ലക്ഷം കോടി രൂപയായി. അതേസമയം, ഫെഡറൽ ബാങ്കിന്റെ റീറ്റെയ്ൽ വായ്പകൾ 25 ശതമാനവും ഹോൾസെയിൽ വായ്പകൾ 15 ശതമാനവും ഉയർന്നിട്ടുണ്ട്.