ന്യൂഡല്‍ഹി: ഐഡിബിഐ ബാങ്കിന് ഓഹരി വില്‍പ്പനയ്ക്ക് അനുമതി നല്‍കി റിസര്‍വ് ബാങ്ക്. 2021 മെയ് മാസത്തില്‍ ഐഡിബിഐയിലെ സര്‍ക്കാരിന്റെ ഓഹരികള്‍ വില്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഓഹരികള്‍ ഏറ്റെടുക്കുന്നതിന് അപേക്ഷിച്ചവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് റിസര്‍വ് ബാങ്ക് വിലയിരുത്തിയ ശേഷം റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ജൂലൈ 23 ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ ബാങ്കിന്റെ ഓഹരി വില്‍പന പ്രഖ്യാപിച്ചേക്കും. ആര്‍ബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരികള്‍ 6 ശതമാനം ഉയര്‍ന്നു.വ്യാപാരത്തിനിടെ ഐഡിബിഐ ബാങ്ക് ഓഹരികള്‍ 5.60 ശതമാനം ഉയര്‍ന്ന് 92.80 രൂപയിലെത്തി.
ഐഡിബിഐ ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്. എല്‍ഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയും ബാങ്കിലുണ്ട്. സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതി പ്രകാരം ബാങ്കിലെ 60.7% ഓഹരി സര്‍ക്കാരിന് വില്‍ക്കാം. ഇതില്‍ സര്‍ക്കാരിന്റെ 30.5% വിഹിതവും എല്‍ഐസിയുടെ 30.2% വിഹിതവും ഉള്‍പ്പെടുന്നു. നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സര്‍ക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും. 2023-24 ല്‍, ഐഡിബിഐ ബാങ്കിലെ ഓഹരി വില്‍പ്പനയിലൂടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എംഡിസി സ്റ്റീലിന്റെ സ്വകാര്യവല്‍ക്കരണത്തിലൂടെയും ഏകദേശം 30,000 കോടി രൂപയാണ് പ്രതീക്ഷിച്ചത്.