കൊച്ചി: ഐസിഎൽ ഫിൻകോർപ് ധനസമാഹരണത്തിന് ഒരുങ്ങുന്നു. ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളുടെ വിൽപനയിലൂടെയാണ് ധനസമാഹരണത്തിന് ഒരുങ്ങുന്നത്. ഏപ്രിൽ അഞ്ചുമുതൽ 23 വരെയാണ് വിൽപന. ഇതിലൂടെ സമാഹരിക്കുന്ന തുക സ്വർണപണയ സേവനം ശക്തമാക്കുന്നതിനും നൂതനമായ ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
1,000 രൂപയാണ് മുഖവില. 10,000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. 68 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കുന്ന തരത്തിലുള്ള ഓപ്ഷനുകൾ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. 68 മാസത്തെ നിക്ഷേപത്തിന് 13.73 ശതമാനമാണ് കൂപ്പൺ റേറ്റ്. 60 മാസത്തേക്ക് 12.50 ശതമാനം, 36 മാസത്തേക്ക് 12 ശതമാനം, 24 മാസത്തേക്ക് 11.50 ശതമാനം, 13 മാസത്തേക്ക് 11 ശതമാനം എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്.
അക്യൂട്ട് റേറ്റിങ്സ് ആൻഡ് റിസർച്ച് ‘ബി.ബി.ബി.-സ്റ്റേബിൾ’ റേറ്റിങ് നൽകിയിട്ടുള്ള സെക്യൂർഡ് റെഡീമബിൾ കടപ്പത്രങ്ങളാണ് കമ്പനി പുറത്തിറക്കുക. കേരളത്തിനു പുറമെ, തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഐ.സി.എല്ലിന് നിലവിൽ ശാഖകളുണ്ട്.