മുംബൈ: പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയേക്കാൾ താഴ്ന്ന നിലവാരത്തിൽ. 1.32 ശതമാനം ഡിസ്‌കൗണ്ടോടെ ഓഹരി ഒന്നിന് 1934 എന്ന നിരക്കിലാണ് കമ്പനി ലിസ്റ്റ് ചെയ്തത്. ഐപിഒയിൽ 1960 രൂപയായിരുന്നു ഇഷ്യു വില.
വിപണിയിൽ ലിസ്റ്റ് ചെയ്തതോടെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ രാജ്യത്തെ അഞ്ചാമത്തെ മൂല്യമേറിയ വാഹനനിർമ്മാതാക്കളായി മാറി. 1.59 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് കമ്പനിയുടെ വിപണി മൂല്യം. വാഹനനിർമ്മാതാക്കളിൽ വിപണി മൂല്യത്തിൽ മുൻപന്തിയിൽ മാരുതി സുസുക്കിയാണ്. 3.83 ലക്ഷം കോടി രൂപയാണ് മാരുതി സുസുക്കിയുടെ വിപണി മൂല്യം. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ മോട്ടേഴ്‌സ്, ബജാജ് ഓട്ടോ എന്നിവയാണ് തൊട്ടുപിന്നിൽ.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ ഇന്ത്യൻ ഉപസ്ഥാപനമായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒയുടെ തുടക്കത്തിൽ തണുത്ത പ്രതികരണമായിരുന്നു. എന്നാൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ ബയേഴ്സിൽ നിന്നുള്ള ശക്തമായ ഡിമാൻഡ് വഴിയാണ് ഐപിഒയ്ക്ക് ജീവൻ വച്ചത്. ക്യുഐബി വിഭാഗം ഏകദേശം 700 ശതമാനം അല്ലെങ്കിൽ 6.97 മടങ്ങ് അധികമായാണ് ഓഹരികൾക്ക് അപേക്ഷിച്ചത്.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ, അതിന്റെ ഗ്രേ മാർക്കറ്റ് പ്രീമിയത്തിലും (ജിഎംപി) കാര്യമായ ചാഞ്ചാട്ടമാണ് നേരിട്ടത്. ജിഎംപി ട്രെൻഡുകൾ ട്രാക്കുചെയ്യുന്ന പ്ലാറ്റ്ഫോമുകൾ അനുസരിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികളുടെ പ്രീമിയം കഴിഞ്ഞയാഴ്ച കുത്തനെ ഇടിയുന്നതാണ് കണ്ടത്.