ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ പിക്‌സല്‍ 8 ഫോണുകള്‍ നിര്‍മ്മിക്കാന്‍ ഗൂഗിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) വൈദഗ്ധ്യം തമിഴ്‌നാട്ടിലെ തൊഴില്‍ സമൂഹത്തിന് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറുമായി സഹകരിക്കാനും ഗൂഗിള്‍ തീരുമാനിച്ചു. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഇണങ്ങുന്ന എ.ഐ സംവിധാനമാകും രൂപപ്പെടുത്തുക എന്നാണ് ലഭ്യമാകുന്ന വിവരം.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനൊപ്പമാണ് സംസ്ഥാനത്തെ ഐ.ടി മേഖലയില്‍ പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന ചുവടുവെയ്പുകള്‍. ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്ട് എന്നിവയുടെ ഓഫീസുകള്‍ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ഗൂഗിള്‍, നോക്കിയ, പേപാല്‍, മൈക്രോചിപ് തുടങ്ങിയവയുമായി തമിഴ്‌നാട് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ കഴിഞ്ഞ ദിവസം നടന്ന നിക്ഷേപക സംഗമത്തില്‍ 900 കോടിയുടെ നിക്ഷേപത്തിനാണ് ധാരണയായത്. ഇതിലൂടെ ഏകദേശം 4,000 തൊഴിലവസരങ്ങളും ലഭിക്കും.