തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 6,635 രൂപയിലും പവന് 53,080 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ജൂൺ 7ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.
രാജ്യാന്തര വിപണിയിൽ അമേരിക്കയുടെ പിസിഇ ഡേറ്റ ഈ ആഴ്ചയിൽ വരാനിരിക്കെ ഫെഡ് പ്രാസംഗികർ ഡോളറിനും ബോണ്ട് യീൽഡിനും പിന്തുണ നൽകിയേക്കാവുന്നത് രാജ്യാന്തര സ്വർണ വിലക്ക് പ്രധാനമാണ്.അതേ സമയം യുദ്ധവാർത്തകളുടെ കൂടി പിൻബലത്തിൽ മുന്നേറിയ രാജ്യാന്തര സ്വർണവില ആഴ്ചാവസാനത്തിൽ നേട്ടങ്ങൾ കൈവിട്ടു. പകുതിയിലധികം കേന്ദ്രബാങ്കുകളുടെ സ്വർണശേഖരത്തിൽ അടുത്ത 12 മാസങ്ങളിൽ വലിയ വർദ്ധനവുണ്ടാകില്ല എന്ന ഗോൾഡ് കൗൺസിലിന്റെ സൂചനയാണ് സ്വർണത്തിന് വിനയായത്. അതേസമയം സംസ്ഥാനത്തെ വെള്ളിയുടെ നിരക്കിൽ മാറ്റാമില്ല. ഗ്രാമിന് 95 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്.