തിരുവനന്തപുരം: വീണ്ടും ഉയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം വീണ്ടും സ്വര്‍ണവില 53,000 രൂപ കടന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,640 രൂപയിലും പവന് 53,120 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.
രാജ്യാന്തര വിപണിയില്‍ അമേരിക്കന്‍ ബോണ്ട് യീല്‍ഡ് ക്രമപ്പെടുന്നതും, യുദ്ധവ്യാപന വാര്‍ത്തകളും പിന്തുണ നല്‍കിയതോടെ സ്വര്‍ണ വില വീണ്ടും മുന്നേറ്റപാതയിലാണ്. യുഎസ് സാമ്പത്തിക പ്രകടനം ദുര്‍ബലമായതിനാല്‍ ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് ആക്കം കൂട്ടിയതിനാല്‍ വ്യാഴാഴ്ച സ്പോട്ട് ഗോള്‍ഡ് വില 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,331.38 ഡോളറിലെത്തി. സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1% ഇടിഞ്ഞ് 2,345.00 ഡോളറും ആയി. റെക്കോര്‍ഡ് നിരക്കില്‍ നിന്നും കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 3%ല്‍ ഏറെയാണ് രാജ്യാന്തര സ്വര്‍ണ വില വീണത്. വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, സെപ്റ്റംബറില്‍ പ്രതീക്ഷിക്കപ്പെടുന്ന യുഎസ് ഫെഡിന്റെ പലിശ നിരക്ക് യോഗം എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കും.