തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവില 58,000ലേക്ക്. വെള്ളിയാഴ്ച ഒറ്റയടിക്ക് പവന് 640 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 57,920 രൂപയായി ഉയർന്നു. ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 7240 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഉയർന്നത്.
കഴിഞ്ഞ ദിവസം പവന് 360 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 56,960 രൂപയായി ഉയർന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോർഡ് പഴങ്കഥയാക്കിയാണ് സ്വർണവില കുതിക്കുന്നത്. എട്ടു ദിവസത്തിനിടെ 1700 രൂപയാണ് വർധിച്ചത്.