ന്യൂയോര്‍ക്ക്: ഈ വര്‍ഷം ഇന്ത്യ 6.9 ശതമാനം വളര്‍ച്ച നേടുമെന്ന് ഐക്യരാഷ്ട്ര സംഘടന( യുഎന്‍). അടുത്ത വര്‍ഷം ഇത് 6.6 ശതമാനമാകുമെന്നും യു എന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപത്തിലുണ്ടായ വര്‍ധനയാണ് വളര്‍ച്ച നേടാന്‍ ഇന്ത്യയെ സഹായിക്കുന്നതെന്ന് യുഎന്‍ പുറത്തിറക്കിയ സാമ്പത്തിക അവലോകനത്തില്‍ വ്യക്തമാക്കി. ആഗോള വിപണികളിലെ മാന്ദ്യം കയറ്റുമതിയെ ബാധിക്കുമെങ്കിലും ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍ മേഖലകള്‍ കയറ്റുമതി രംഗത്ത് മികച്ച വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎന്‍ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യ ഈ വര്‍ഷം 6.2 ശതമാനം വളര്‍ച്ച നേടുമെന്നാണ് സൂചിപ്പിച്ചിരുന്നത്.
നാണ്യപ്പെരുപ്പ നിരക്ക് ഈ വര്‍ഷം 4.5 ശതമാനമായി കുറയും. കഴിഞ്ഞ വര്‍ഷം ഇത് 5.6 ശതമാനമായിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും നാണ്യപ്പെരുപ്പ നിരക്ക് ഈ വര്‍ഷം കുറഞ്ഞു നില്‍ക്കും.
ആഗോള സാമ്പത്തിക രംഗം ഈ വര്‍ഷം 2.7 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ഇത് 2.8 ശതമാനമാകും. ജനുവരിയില്‍ കണക്കാക്കിയിരുന്നതില്‍ നിന്ന് യഥാക്രമം 0.3 ശതമാനം , 0.1 ശതമാനം കൂടുതലാണിത്. ഇന്ത്യ കൈവരിക്കുന്ന നേട്ടവും ഇതില്‍ വലിയ പങ്ക് വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചൈന ഈ വര്‍ഷം 4.8 ശതമാനം വളര്‍ച്ചയാവും നേടുക. കഴിഞ്ഞ വര്‍ഷം ഇത് 5.2 ശതമാനമായിരുന്നു.