ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2030കളുടെ തുടക്കത്തോടെ പടിയിറങ്ങല്‍ പ്രഖ്യാപിച്ച് ഗൗതം അദാനി. നിലവില്‍ 62 വയസ്സുള്ള ഗൗതം അദാനി, 70 വയസ്സാകുമ്പോഴേക്കും ഗ്രൂപ്പിന്റെ നിയന്ത്രണം പൂര്‍ണമായും മക്കളിലേക്കും അനന്തരവന്മാരിലേക്കും കൈമാറാനുള്ള ആലോചനയാണ് നടത്തുന്നത്. ബ്ലൂംബെര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.മക്കളായ കരണ്‍ അദാനി, ജീത് അദാനി, സഹോദരന്‍മാരുടെ മക്കളായ പ്രണവ്, സാഗര്‍ എന്നിവര്‍ ആയിരിക്കും പിന്‍ഗാമികള്‍.
ഗൗതം അദാനിയുടെ മൂത്ത മകന്‍ കരണ്‍ അദാനി, അദാനി പോര്‍ട്ട്സിന്റെ മാനേജിംഗ് ഡയറക്ടറും ഇളയ മകന്‍ ജീത് അദാനി, അദാനി എയര്‍പോര്‍ട്ട്സിന്റെ ഡയറക്ടറുമാണ്. ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ മകന്‍ പ്രണവ് അദാനി, അദാനി എന്റര്‍പ്രൈസസിന്റെ ഡയറക്ടറാണ്. ഗൗതം അദാനിയുടെ ഇളയ സഹോദരനായ രാജേഷ് അദാനിയുടെ മകനായ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
ബ്ലൂംബെര്‍ഗിന്റെ റിയല്‍ടൈം ശതകോടീശ്വര പട്ടികപ്രകാരം 11,000 കോടി ഡോളര്‍ (9.21 ലക്ഷം കോടി രൂപ) ആസ്തിയുമായി ലോകത്ത് 12-ാം സ്ഥാനത്താണ് ഗൗതം അദാനി. എസിസി, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പോര്‍ട്‌സ്, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അംബുജ സിമന്റ്, എന്‍ഡിടിവി എന്നിവയാണ് അദാനി ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികള്‍.