ന്യൂഡല്‍ഹി: ഏറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികന്‍ എന്ന സ്ഥാനം തിരിച്ചുപിടിച്ച് ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്നാണ് അദാനിയുടെ നേട്ടം. 111 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ബ്ലൂംബെര്‍ഗ് സൂചികയില്‍ 11ാം സ്ഥാനത്താണ് അദാനി. 109 ബില്യണ്‍ ഡോളറുമായി തൊട്ടു പിന്നാലെ അംബാനിയുമുണ്ട്. അഞ്ചു മാസങ്ങള്‍ക്കു ശേഷമാണ് അദാനി വീണ്ടും ഈ സ്ഥാനത്ത് എത്തുന്നത്. ഓഹരികളിലെ ഗണ്യമായ ഉയര്‍ച്ചയാണ് അദാനിയുടെ ഈ നേട്ടത്തിന് ഇടയാക്കിയത്. ഏകദേശം 14 ശതമാനം വരെയാണ് ഓഹരികളില്‍ ഉയര്‍ച്ചയുണ്ടായത്. അടുത്ത ദശകത്തില്‍ 90 ബില്യണ്‍ ഡോളര്‍ മൂലധനച്ചെലവ് ഉള്‍പ്പെടെ ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്ന ജെഫറീസ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച അദാനി ഗ്രൂപ്പിന്റെ എല്ലാ കമ്പനികളുടെയും ഓഹരികള്‍ കുതിച്ചുയര്‍ന്നു.
അതെ സമയം അദാനി ഗ്രൂപ്പ് ഓഹരി നിക്ഷേപകരുടെ സമ്പത്തില്‍ 1.23 ലക്ഷം കോടി രൂപ കടന്നു. മൊത്തം വിപണി മൂലധനം 17.94 ലക്ഷം കോടി രൂപയായി. 2024ല്‍ ഇതുവരെ അദാനിയുടെ ആസ്തി 26.8 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നപ്പോള്‍ അംബാനിയുടെ സമ്പത്ത് 12.7 ബില്യണ്‍ ഡോളര്‍ ആയി വര്‍ദ്ധിച്ചു. ബ്ലൂംബെര്‍ഗ് ഇന്ഡക്‌സ് പ്രകാരം നിലവില്‍ 207 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി. യഥാക്രമം 203 ബില്യണ്‍ ഡോളറും 199 ബില്യണ്‍ ഡോളറുമായി എലോണ്‍ മസ്‌കും ജെഫ് ബെസോസും അദ്ദേഹത്തിന് പിന്നാലെയുണ്ട്. അദാനി ലോക പട്ടികയില്‍ 11 ആം സ്ഥാനത്തും അംബാനി 12 ആം സ്ഥാനത്തുമാണ്.