കൊച്ചി: സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയ ഓഹരി വില്‍പന നടത്താന്‍ ഒരുങ്ങുന്നു. 18,000 കോടി രൂപയുടെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ) വഴിയാണ് ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ നീക്കം. ഏപ്രില്‍ 18ന് എഫ്.പി.ഒ സബ്‌സ്‌ക്രിപ്ഷനായി തുറക്കും. ഓഹരിക്ക് 10-11 രൂപ നിരക്കിലായിരിക്കും വില്‍പന. എഫ്.പി.ഒ ഏപ്രില്‍ 22ന് അവസാനിക്കുമെന്നും കമ്പനി അറിയിച്ചു.
നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 1,298 ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഓഹരിയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് പരിഗണിക്കുമ്പോള്‍ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞതുക 14,278 രൂപയാണ്. തുടര്‍ന്ന് 1,298 ഓഹരികളുടെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ മൂലധന സമാഹരണമാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. ജെഫറീസ്, എസ്.ബി.ഐ ക്യാപ്‌സ്, ആക്‌സിസ് ക്യാപിറ്റല്‍ എന്നിവരാണ് എഫ്.പി.ഒയുടെ ലീഡ് മാനേജര്‍മാര്‍.