ന്യൂഡല്‍ഹി: റെക്കോര്‍ഡിട്ട് വിദേശ നാണയശേഖരം. മേയ് മൂന്നാം വാരത്തില്‍ ഇന്ത്യയുടെ വിദേശ നാണയശേഖരം 454.9 കോടി ഡോളര്‍ വര്‍ധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 64,870 കോടി ഡോളറിലെത്തി. ഏപ്രില്‍ അഞ്ചിന് രേഖപ്പെടുത്തിയ 64856 കോടി ഡോളറെന്ന റെക്കാഡാണ് മറികടന്നത്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയാണ് വിദേശ നാണയ ശേഖരം മുകളിലേക്ക് നീങ്ങുന്നത്. വിദേശ നാണയങ്ങളുടെ ആസ്തി അവലോകന കാലയളവില്‍ 336 കോടി ഡോളര്‍ ഉയര്‍ന്ന് 56,900 കോടി ഡോളറിലെത്തി. ആഗോള വിപണിയില്‍ അമേരിക്കന്‍ ഡോളറിനെതിരെ യൂറോ, പൗണ്ട്, ജാപ്പനീസ് യെന്‍ എന്നിവ മികച്ച മൂല്യവര്‍ദ്ധന നേടിയതാണ് ഗുണമായത്.
റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം ഇക്കാലയളവില്‍ 124.6 കോടി ഡോളര്‍ ഉയര്‍ന്ന് 5719 കോടി ഡോളറിലെത്തി. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്‌സിന്റെ മൂല്യം 1816 കോടി ഡോളറായി. രൂപയുടെ മൂല്യവര്‍ദ്ധന പിടിച്ചുനിറുത്താന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വാങ്ങിയതാണ് ഡോളറിന്റെ ശേഖരം കൂടാനിടയാക്കിയത്.