ന്യൂയോര്‍ക്ക്: പലിശ നിരക്ക് ഉടന്‍ കുറയ്ക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍. അമേരിക്കന്‍ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാനായാണ് പലിശ നിരക്കില്‍ അടിയന്തരമായി മാറ്റം വരുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമായതോടെ ധന നയം ക്രമീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. തൊഴില്‍ ലഭ്യത മെച്ചപ്പെടുത്താന്‍ വേണ്ടതെല്ലാം ഫെഡറല്‍ റിസര്‍വ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ അമേരിക്കയിലെ ഓഹരി വിപണി റെക്കാഡ് ഉയരത്തിലേക്ക് കുതിച്ചു. നാണയപ്പെരുപ്പം രണ്ട് ശതമാനമായി താഴുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.