New Update
00:00
/ 00:00
കൊച്ചി : പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2024-25) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 18 ശതമാനം വളര്‍ച്ചയോടെ 1,009.53 കോടി രൂപ ലാഭം നേടി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന പാദ ലാഭമാണിത്. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ 853.74 കോടി രൂപയായിരുന്നു ലാഭം. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തില്‍ ലാഭം 906.30 കോടി രൂപയായിരുന്നു . പ്രവര്‍ത്തന ലാഭത്തിലും റെക്കോഡാണ് ഫെഡറല്‍ ബാങ്ക് കുറിച്ചത്. പ്രവര്‍ത്തന ലാഭം 1,302 കോടി രൂപയില്‍ നിന്ന് 1,501 കോടി രൂപയായി.
റെക്കോഡ് ലാഭത്തോടെ പുതിയ സാമ്പത്തികവര്‍ഷം തുടങ്ങാന്‍ സാധിച്ചതില്‍ വളരെ അഭിമാനമുണ്ടെന്നും ശാഖകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും ഡിജിറ്റലായും നടത്തുന്ന പരിശ്രമങ്ങള്‍ രാജ്യമെമ്പാടും എത്താന്‍ സഹായിക്കുന്നുണ്ടെന്നും ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. വിവിധ ഡെറ്റ് സെക്യൂരിറ്റികള്‍ വഴി 6,000 കോടി രൂപ സമാഹരിക്കാനും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. ബാങ്കിന്റെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 25.87 ശതമാനം ഉയര്‍ന്ന് 7,246.06 കോടിയിലെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ 4.05 ലക്ഷം കോടി രൂപയില്‍ നിന്ന് 19.92 ശതമാനം വര്‍ധിച്ച് 4.86 ലക്ഷം കോടി നേട്ടത്തിലായി.