കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ ശാഖകളുടെ എണ്ണം 600 കടക്കും. ബാങ്കിന്റെ 600-ാമത് ശാഖ മലപ്പുറം താനൂരില്‍ തിങ്കളാള്ച പ്രവര്‍ത്തനമാരംഭിക്കും. കൂടാതെ കണ്ണൂര്‍, വയനാട് ജില്ലകളിലും ബാങ്കിന്റെ ഓരോ ശാഖകള്‍ തുറക്കും. ഇതോടെ കേരളത്തിലെ ഫെഡറല്‍ ബാങ്കിന്റെ ശാഖകളുടെ എണ്ണം മാര്‍ച്ച് 31 ന് മുമ്പ് 602 ആയി ഉയരും.
കേരളത്തിനു പുറമേ തമിഴ്നാട്ടില്‍ ബുധനാഴ്ച 25 ശാഖകള്‍ തുറക്കാനും ബാങ്കിന് പദ്ധതിയുണ്ട്. ഇതോടെ ചെന്നൈ സോണില്‍ ശാഖകളുടെ എണ്ണം 250-ല്‍ എത്തും. ഈ സാമ്പത്തികവര്‍ഷം കടക്കുമ്പോഴേക്കും രാജ്യത്തെ മൊത്തം ശാഖകളുടെ എണ്ണം 1,500 കടക്കും.
രാജ്യത്ത് ഓരോ വര്‍ഷവും നിലവിലുള്ളതിന്റെ 5-10 ശതമാനം ശാഖകള്‍ തുറക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. പുതിയ ശാഖകളിലേക്കായുള്ള ജീവനക്കാരെ കൂടുതലായും പ്രാദേശിക അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് ബ്രാഞ്ച് ബാങ്കിങ് മേധാവിയായ വി. നന്ദകുമാര്‍ പറഞ്ഞു. ബാങ്കിലെ ഉദ്യോഗസ്ഥരില്‍ 42 ശതമാനം നിലവില്‍ സ്ത്രീകളാണ്.
കൃഷി, വാഹനം, സ്വര്‍ണം, ചെറുകിട വായ്പകളിലെല്ലാം മികച്ചവളര്‍ച്ചയാണ് ബാങ്കിനുള്ളത്. നടപ്പു സാമ്പത്തികവര്‍ഷം മൂന്നാംപാദത്തില്‍ ബാങ്കിന്റെ അറ്റാദായം 1,000 കോടി രൂപ കടന്നിരുന്നു.