കൊച്ചി: ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഓഹരിയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ ഓഹരി വില 4.68 ശതമാനം ഉയര്‍ന്ന് 183.25 രൂപയിലെത്തി. 2024-25 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണിലെ ഓഹരിയിലാണ് വര്‍ധനവ് രേഖപ്പെടുത്തിയത്.
ഫെഡറല്‍ ബാങ്കിന്റെ മൊത്തം വായ്പകള്‍ ആദ്യ പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 1.86 ലക്ഷം കോടി രൂപയില്‍ നിന്ന് 2.24 ലക്ഷം കോടി രൂപയായി. 20 ശതമാനമാണ് വര്‍ധന. ബാങ്കിന്റെ റീറ്റെയ്ല്‍ വായ്പകള്‍ 25 ശതമാനവും ഹോള്‍സെയില്‍ വായ്പകള്‍ 14 ശതമാനവും ഉയര്‍ന്നു. റീറ്റെയ്ല്‍ ഹോള്‍സെയില്‍ വായ്പാ അനുപാതം 56:44 ആയി.
ബാങ്കിന്റെ മൊത്തം നിക്ഷേപം ഒന്നാം പാദത്തില്‍ 2.66 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലിത് 2.22 ലക്ഷം കോടി രൂപയായിരുന്നു. 20 ശതമാനം വളര്‍ച്ചയുണ്ട്. ഇന്റര്‍ ബാങ്ക് നിക്ഷേപങ്ങളും സര്‍ട്ടിഫിക്കറ്റ്സ് ഓഫ് ഡെപ്പോസിറ്റ്സും ഒഴികെയുള്ള ബാങ്കിന്റെ കസ്റ്റമര്‍ ഡെപ്പോസിറ്റ് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 20 ശതമാനം ഉയര്‍ന്ന് 2.51 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഫെഡറല്‍ ബാങ്ക് ഓഹരി 10 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഈ വര്‍ഷം ഇതു വരെ 16 ശതമാനം നേട്ടവും നല്‍കിയിട്ടുണ്ട്. നിലവില്‍ 3.66 ശതമാനം ഉയര്‍ന്ന് 181.42 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്നത്.