തിരുപ്പൂര്‍: നടപ്പു സാമ്പത്തിക വര്‍ഷം ജൂലായില്‍ ഇന്ത്യയില്‍ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രക്കയറ്റുമതിയില്‍ വര്‍ധന രേഖപ്പെടുത്തി. 11.84 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തിലെ മോശം അവസ്ഥയ്ക്കുശേഷം, ഏപ്രിലില്‍ തുടങ്ങിയ നടപ്പുസാമ്പത്തികവര്‍ഷത്തില്‍ തുടര്‍ച്ചയായ മൂന്നാംമാസമാണ് കയറ്റുമതിയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂലായില്‍ രാജ്യത്തുനിന്ന് 1,277 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്തു. 2023 ജൂലായില്‍ ഇത് 1,141.95 ദശലക്ഷം ഡോളറായിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള സഞ്ചിത കയറ്റുമതിയിലും 2023-24-ലെ സമാന മാസങ്ങളെ അപേക്ഷിച്ച് വര്‍ധനയുണ്ട്. 2023 ഏപ്രില്‍ മുതല്‍ ജൂലായ്വരെ 4,836.59 ദശലക്ഷം ഡോളറിന്റെ കയറ്റുമതി നടന്നപ്പോള്‍, ഈവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലായ് വരെ 5,126.87 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയുണ്ടായി. ആറുശതമാനമാണ് വര്‍ധിച്ചത്.