തൃശൂര്‍: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലയിലുള്ള ആളുകള്‍ക്ക് സഹായഹസ്തവുമായി ഇസാഫ് ബാങ്ക്. ദുരിതബാധിതര്‍ക്കായി ജില്ലാ ഭരണകൂടവും കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിച്ച 'ഞങ്ങളുമുണ്ട് കൂടെ' തൊഴില്‍മേളയിലൂടെ യുവാക്കള്‍ക്ക് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ജോലി നല്‍കി. മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്ത തൊഴില്‍മേളയില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. ആദ്യഘട്ടത്തില്‍ തെരെഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള ഓഫര്‍ ലെറ്ററുകള്‍ ബാങ്ക് വിതരണം ചെയ്തു.
മന്ത്രി കെ രാജന്‍, വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി പഞ്ചായത് പ്രസിഡന്റ് കെ ബാബു മറ്റു ഭരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ്, ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മെറീന പോള്‍, ഇസാഫ് ബാങ്ക് എച്ച്.ആര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ വരും ദിവസങ്ങളില്‍ ദുരിതബാധിത മേഖലയില്‍ ഇസാഫ് ഫൗണ്ടേഷന്‍ തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു.