ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ കുതിച്ചുയര്‍ന്ന് എണ്ണവില. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 86.77 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 83.51 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓര്‍ഗനൈസേഷനായ ഒപെക് വിതരണം വെട്ടിക്കുറച്ചതാണ് ക്രൂഡ് വില ഉയരാന്‍ ഇടയാക്കിയത്. ജൂലൈ 4 യുഎസ് ഹോളിഡേ വാരത്തില്‍ വേനല്‍ ഡിമാന്‍ഡ് കുതിക്കുമെന്ന വിലയിരുത്തലും ക്രൂഡ് വിലയുടെ വര്‍ധനവിന് കാരണമായി.
കഴിഞ്ഞ വാരം എണ്ണയെ സംബന്ധിച്ചു മികച്ചതായിരുന്നു. ജൂണ്‍ രണ്ടിനു നടന്ന ഒപെക്ക് പ്ലസ് യോഗ തീരുമാനങ്ങള്‍ വിപണികള്‍ തെറ്റായി ഉള്‍ക്കൊണ്ടിരുന്നു. തുടര്‍ന്ന് എണ്ണവില കൂപ്പുകുത്തിയെങ്കിലും അതിവേഗം തിരിച്ചുകയറി. ജൂണില്‍ ബ്രെന്റ്, ഡബ്ല്യുടിഐ കരാറുകള്‍ ഏകദേശം 6- 8 ശതമാനം നേട്ടം കൈവരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒപെക് 2025 വരെ വിതരണം വെട്ടിക്കുറച്ചതു ബ്രെന്റ് വില ബാരലിന് 85 ഡോളര്‍ കടത്തി. വരും മാസങ്ങളില്‍ ബ്രെന്റ് ക്രൂഡ് വില 90 ഡോളറിലേയ്ക്ക് നീങ്ങിയേക്കാമെന്നു ബാര്‍ക്ലേസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.