ന്യൂഡല്‍ഹി: ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 16 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ബാരലിന് 90 ഡോളര്‍ വരെ വില ഉയര്‍ന്നു. യുക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജമേഖലകളില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങള്‍, ചെങ്കടലിലെ ഹൂതി ആക്രമണങ്ങള്‍, മിഡില്‍ ഈസ്റ്റിലെ ഇറാന്‍-ഇസ്രായേല്‍ യുദ്ധപ്രതിസന്ധി എന്നിവയെല്ലാം ഇന്ധനവില ഉയരുന്നതിന് ഇടയാക്കി.
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ 15 ശതമാനം വരെ ഉയര്‍ച്ചയുണ്ടാകുമെന്നാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) വിലയിരുത്തല്‍. ഉയര്‍ന്ന ഷിപ്പിങ് ചിലവുകള്‍ കൂടി ചേരുമ്പോള്‍ ആഗോള തലത്തില്‍ 0.7% എന്ന തോതില്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നും ഐ.എം.എഫ് കണക്കു കൂട്ടുന്നു. 2022ല്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിനടുത്തായിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം നീണ്ടു നിന്നതോടെ ക്രമേണ വില 139 ഡോളറായി വര്‍ധിച്ചു.
രാജ്യത്തെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതോടെ ഇറക്കുമതിച്ചിലവിലും വര്‍ധനവ് ഉണ്ടാകും.