യുദ്ധക്കപ്പലുകളും വാണിജ്യകപ്പുമൊക്കെ നിര്‍മ്മിച്ച് കുതിച്ചുപായുന്ന കൊച്ചിന്‍ കപ്പല്‍ ശാലയില്‍ ഇനി യു.എസ് നേവി കപ്പലുകളുടെ അറ്റകുറ്റപ്പണിയും നിര്‍മ്മാണവും നിര്‍വഹിക്കും. ഇന്ത്യന്‍ ഓഷന്‍ റീജിയണിലെത്തുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി നേവി മാസ്റ്റര്‍ ഷിപ്പ്യാര്‍ഡ് റിപ്പയര്‍എഗ്രിമെന്റില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഒപ്പുവച്ചുകഴിഞ്ഞു.
മിലിറ്ററി സീലിഫ്റ്റ് കമാന്‍ഡിന് കീഴില്‍ വരുന്ന കപ്പലുകളുടെ അറ്റകുറ്റപ്പണികളാണ് ആദ്യഘട്ടത്തില്‍ നടത്തുക. യു.എസ് നേവിയുടെയും മിലിറ്ററി സീലിഫ്റ്റ് കമാന്‍ഡിന്റെയും വിശദമായ വിലയിരുത്തലിന് ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.ഇന്ത്യന്‍ തീരത്തേക്ക് യു.എസ് നേവി കപ്പലുകള്‍ക്ക് കടന്നു വരാന്‍ അവസരമൊരുക്കുന്നതിനാല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും യു.എസ് നേവിയും തമ്മിലുള്ള ഇടപാടിന് വലിയ പ്രാധാന്യമുണ്ട്.
നിലവില്‍ നിരവധി ഓഡറുകള്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. ജനുവരി 31ന് യൂറോപ്യന്‍ കമ്പനിയില്‍ നിന്ന് ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസല്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള 500 കോടി രൂപയുടെ കരാര്‍ ലഭിച്ചതാണ് അവസാനത്തേത്.
ഇന്ത്യന്‍ നാവികസേനയുടെ യുദ്ധകപ്പല്‍ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. ഇതുകൂടാതെ 22,000 കോടിയുടെ ഓഡറുകള്‍ കമ്പനി സ്വന്തമാക്കുകയും 13,000 കോടി രൂപയുടെ ഓഡറുകള്‍ എതാണ്ട് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്.
ജനുവരിയില്‍ കൊച്ചിയില്‍ 1,799 കോടിരൂപ മുതല്‍ മുടക്കില്‍ പുതിയ ഡ്രൈ ഡോക്ക് ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയും കമ്പനി സ്ഥാപിച്ചിരുന്നു.
യു.എസ് നേവിയുമായുള്ള കരാറിന് പിന്നാലെ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഓഹരികള്‍ 5.5 ശതമാനം ഉയര്‍ന്നു.
കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 106.35 ശതമാനവും ഒരു വര്‍ഷത്തിനുള്ളില്‍ 349.53 ശതമാനവും നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ വിവിധ പദ്ധതികള്‍ക്കായി അടുത്ത മൂന്നുവര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 3000 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. 2024-25 ധനകാര്യ വര്‍ഷത്തേക്ക് 500 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി നീക്കിവച്ചിട്ടുള്ള തുകയ്ക്ക് പുറമേയാണിത്.
കപ്പലുകളുടെ നിര്‍മ്മാണ, നവീകരണ മേഖലകളിലെ വിപുലമായ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ആഗോള ഷിപ്പിംഗ് വ്യവസായത്തിലെ പുതിയ ഹബ്ബാകാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒരുങ്ങുകയാണ്.
ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലെത്തുന്ന കപ്പലുകളുടെ റിപ്പയറിംഗ് ജോലികള്‍ക്കായി രാജ്യാന്തര ഷിപ്പ് റിപ്പയറിംഗ് കേന്ദ്രവും കൊച്ചി വെല്ലിംഗ്ടണ്‍ ദ്വീപില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
എല്‍.എന്‍.ജി വെസലുകള്‍, ഡ്രില്‍ ഷിപ്പുകള്‍, വലിയ മണ്ണുമാന്തി കപ്പലുകള്‍, വിമാന വാഹിനികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപണികള്‍ക്കുമുള്ള സംവിധാനങ്ങളുമായാണ് പുതിയ ഡ്രൈഡോക്ക് ഒരുങ്ങുന്നത്.
ഇന്ത്യയില്‍ മറ്റൊരു കപ്പല്‍ശാലകള്‍ക്കും ഇത്രയും വലിയ വെസലുകളുടെ നിര്‍മ്മാണവും റിപ്പയറിംഗും കൈകാര്യം ചെയ്യാന്‍ ശേഷിയില്ലെന്നതാണ് പ്രത്യേകത.
വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ ടെര്‍മിനല്‍ കൂടി പ്രവര്‍ത്തന സജ്ജമാകുന്നതോടെ കപ്പല്‍ നവീകരണത്തിനും അനുബന്ധ ജോലികള്‍ക്കും വിപുലമായ അവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ആഗോള കപ്പല്‍ നിര്‍മ്മാണ റിപ്പയറിംഗ് രംഗത്തെ ഇന്ത്യയുടെ വിഹിതം നിലവിലുള്ള 0.4 ശതമാനത്തില്‍ നിന്നും രണ്ട് ശതമാനമായി ഉയരുമെന്ന് വിലയിരുത്തുന്നു.
പ്രതിരോധ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമായി കൂടുതല്‍ ഉത്പന്നങ്ങള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൊച്ചി കപ്പല്‍ശാലയ്ക്ക് വന്‍ നേട്ടം സമ്മാനിക്കുമെന്നാണ് പറയുന്നത്.പുതിയ ഡ്രൈഡോക്ക് പൂര്‍ണ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദുബായ്, കൊളംബോ, സിംഗപ്പൂര്‍ എന്നിവയ്ക്ക് ബദലായ കപ്പല്‍ നിര്‍മ്മാണ മെയിന്റനന്‍സ് കേന്ദ്രമായി കൊച്ചി മാറിയേക്കും.