കൊച്ചി: കേരളത്തിലെ 24 ആസ്തികള്‍ വില്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ച് ബിഎസ്എന്‍എല്‍. ആലുവ ചൂണ്ടിയിലെ ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചിരുന്ന 2.22 ഏക്കര്‍ വരുന്ന ഭൂമിയാണ് ഇപ്പോള്‍ ലേലത്തില്‍ വച്ചിട്ടുള്ളത്. 16.47 കോടി രൂപയാണ് അടിസ്ഥാന തുക. ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെഎല്‍എല്‍ പ്രോപ്പര്‍ട്ടി കണ്‍സല്‍റ്റന്റ്‌സ് ഇന്ത്യ എന്ന സ്വകാര്യ കമ്പനിയാണ് കണ്‍സല്‍റ്റന്റായി പ്രവര്‍ത്തിക്കുന്നത്. ജൂലൈ ഒന്നുവരെ അപേക്ഷിക്കാവുന്നതാണ്. കേരളത്തില്‍ ബിഎസ്എന്‍എല്‍ ഭൂമി സ്വകാര്യമേഖലയ്ക്കു വില്‍ക്കുന്നതിനുള്ള ആദ്യ ലേലമാണിത്. കൊല്ലം കൊട്ടാരക്കരയില്‍ 19 സെന്റ് ഭൂമിയും ലേലത്തിലുണ്ട്. 4.8 കോടി രൂപയാണ് അടിസ്ഥാന വില.
സര്‍ക്കാര്‍ ഏജന്‍സി ഇല്ലാത്തയിടത്താണ് സ്വകാര്യ മേഖലയ്ക്കായി ടെന്‍ഡര്‍ വിളിക്കുന്നത്. എറണാകുളം കടവന്ത്ര ഗാന്ധിനഗറിലെ ബിഎസ്എന്‍എല്ലിന്റെ രണ്ട് ആസ്തികളും, കലൂര്‍, പള്ളുരുത്തി എന്നിവിടങ്ങളിലെ ഭൂമിയും വൈകാതെ ലേലത്തിന് എത്തും. ഭൂമി വില്‍പനയിലൂടെ കേരളത്തില്‍ നിന്ന് 60 കോടി രൂപ സമാഹരിക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യം.