ന്യൂഡല്‍ഹി : ഇന്ത്യയില്‍ 50,000 4ജി ടവറുകള്‍ സ്ഥാപിച്ച് ബി.എസ്.എന്‍.എല്‍. ഇതില്‍ 41,000 എണ്ണവും പ്രവര്‍ത്തന സജ്ജമാണ്. 2025ല്‍ ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിച്ച് രാജ്യത്താകമാനം 4ജി സേവനങ്ങള്‍ നല്‍കാനാണ് ബി.എസ്.എന്‍.എല്ലിന്റെ പദ്ധതി. ഇതിനാവശ്യമായ 5ജി റേഡിയോ അക്സസ് നെറ്റ്വര്‍ക്ക്, വിവിധ ഫ്രീക്വന്‍സികളിലുള്ള കോര്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ പരീക്ഷണങ്ങള്‍ ഇതിനോടകം ബി.എസ്.എന്‍.എല്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 4ജി/5ജി സേവനങ്ങളൊരുക്കുന്നതെന്നും പ്രത്യേകതയാണ്.
ഒരുലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടി.സി.എസ്) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് 24,500 കോടി രൂപയുടെ കരാറാണ് നല്‍കിയിരിക്കുന്നത്. 13,000 കോടി രൂപയുടെ നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ടി.സി.എസുമായി 13,000 കോടി രൂപയുടെ മറ്റൊരു കരാറുമുണ്ട്. 10 വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ അടക്കമാണ് ഉപകരണങ്ങള്‍ വാങ്ങുന്നതെന്നും പ്രത്യേകതയാണ്. കേരളത്തില്‍ അടക്കം 4ജി ടവറുകള്‍ സ്ഥാപിക്കുന്ന പണി അതിവേഗത്തിലാണ് മുന്നേറുന്നത്.
കഴിഞ്ഞ വര്‍ഷത്തില്‍ നേരിട്ട നഷ്ടങ്ങള്‍ക്കിപ്പുറം ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ വിജയപ്പാതയിലാണ്. ബിഎസ്എന്‍എല്ലിന്റെ കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.