ന്യൂഡല്‍ഹി: രാജ്യത്തെ നിക്ഷേപ സമാഹരണത്തില്‍ തളര്‍ന്ന് ബാങ്കുകള്‍. വാണിജ്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങളിലാണ് തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ പ്രധാന ബാങ്കുകളുടെയെല്ലാം സ്ഥിര നിക്ഷേപങ്ങളില്‍ 1.15 ശതമാനം ഇടിവുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന വിവിധ കാലാവധി നിക്ഷേപങ്ങളില്‍ മാത്രമാണ് കാര്യമായ വളര്‍ച്ച ദൃശ്യമാകുന്നതെന്ന് ബാങ്കിംഗ് രംഗത്തുള്ളവര്‍ പറയുന്നു. അതേസമയം കുറഞ്ഞ ചെലവില്‍ നിക്ഷേപം ലഭിക്കുന്ന കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട്(കാസ) നിക്ഷേപങ്ങള്‍ വലിയ തോതില്‍ പിന്‍വലിക്കുന്നതിനാല്‍ ബാങ്കുകളുടെ മാര്‍ജിന്‍ കുറയുകയാണ്.
പ്രമുഖ പൊതു മേഖല ബാങ്കായ ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ നിക്ഷേപങ്ങള്‍ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 2.67 ലക്ഷം കോടിയായി കുറഞ്ഞു. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ബാങ്കിന്റെ സ്ഥിര നിക്ഷേപം 2.7 ലക്ഷം കോടി രൂപയായിരുന്നു. പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ നിക്ഷേപം ഇതേകാലയളവില്‍ 0.75 ശതമാനം കുറഞ്ഞ് 2.64 ലക്ഷം കോടി രൂപയിലെത്തി. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ബന്ധന്‍ ബാങ്കാണ് നിക്ഷേപങ്ങളില്‍ വലിയ ഇടിവ് നേരിട്ടത്. ബാങ്കിന്റെ മൊത്തം നിക്ഷേപം മാര്‍ച്ച് 31ന് 1.35 ലക്ഷം കോടി രൂപയില്‍ നിന്ന് 1.5 ശതമാനം ഇടിഞ്ഞ് ജൂണില്‍ 1.3 ലക്ഷം കോടി രൂപയായി.