കൊച്ചി: യാത്രക്കാര്‍ക്ക് സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യം ഒരുക്കി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). എയര്‍ലൈന്‍ ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാര്‍ക്ക് അവരുടെ ചെക്ക്-ഇന്‍ ബാഗുകള്‍ നേരിട്ട് കണ്‍വെയറുകളില്‍ ഇടാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികള്‍ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ആഭ്യന്തര മേഖലയിലെ 95% യാത്രക്കാര്‍ക്കും കൊച്ചി എയര്‍പോര്‍ട്ടില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
ടെര്‍മിനലുകള്‍ ഗേറ്റുകള്‍ക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമണ്‍ യൂസ് സെല്‍ഫ് സര്‍വീസ് (കസ്) കിയോസ്‌കുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ബോര്‍ഡിംഗ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം. ടാഗ് സ്റ്റിക്കര്‍, ബാഗില്‍ ഒട്ടിച്ച ശേഷം, യാത്രക്കാര്‍ക്ക് സ്വയം ബാഗ് ഡ്രോപ്പ് സൗകര്യത്തിലേക്ക് പോകാനും അവരുടെ ബാഗുകള്‍ ഈ യന്ത്രത്തിലേയ്ക്കിടാനും കഴിയും. 27 മുതല്‍ 30 വരെയുള്ള ചെക്ക്-ഇന്‍ കൗണ്ടറുകളില്‍ സിയാല്‍ നാല് സെല്‍ഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാന്‍ഡ്‌ലിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നതാണ്.