ന്യൂഡല്‍ഹി : ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ 2024 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നുമാസക്കാലയളവില്‍ ഇന്ത്യയില്‍ റെക്കോഡ് വരുമാനം നേടി. ഐഫോണ്‍ വില്‍പ്പന വര്‍ധിച്ചതും ഐപാഡ്, മാക് ബുക്ക്, എയര്‍പോഡ് തുടങ്ങിയവയുടെ ആവശ്യകതയുമാണ് വരുമാനം ഉയരാന്‍ കാരണമായത്. വരുമാനം എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഏകദേശം 400 കോടി ഡോളര്‍ (33,700 കോടി രൂപ) വരുമാനം ഇന്ത്യന്‍ വിപണിയില്‍ നിന്ന് നേടിയിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 22 ശതമാനവുമായി രണ്ടാം സ്ഥാനത്താണ് ആപ്പിള്‍ ഐഫോണ്‍. 22.8 ശതമാനവുമായി സാംസങ് ആണ് ഒന്നാമത്.
ആപ്പിളിന്റെ ആഗോള അറ്റ വില്‍പ്പനയില്‍ ആറുശതമാനം വര്‍ധനയാണ് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയത്. 9,500 കോടി ഡോളറിന്റെ വില്‍പ്പന ഇക്കാലയളവില്‍ രേഖപ്പെടുത്തി.