ഏറെ നാളത്തെ വാദപ്രതിപാതങ്ങൾക്കൊടുവിൽ ആപ്പിളിനും ഗൂഗിലിനുമെതിരെ കടുത്ത നടപടി സ്വീകരിച്ചിരിച്ച് യൂറോപ്യൻ യൂണിയൻ. ഇരുവർക്കുമെതിരെ വിധിയെഴുതിയ യൂറോപ്യൻ യൂണിയന്റെ പരമോന്നത കോടതി. ആപ്പിൾ, 13 ബില്യൺ യൂറോ നികുതിയായി പിരിച്ചെടുക്കാൻ അയർലണ്ടിനോട് പറഞ്ഞ 2016 ലെ യൂറോപ്യൻ യൂണിയൻ ഉത്തരവിനോട് യോജിക്കുകയും ചെയ്തു.
സാങ്കേതിക വ്യവസായത്തെ നിയന്ത്രിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ വർഷങ്ങൾ നീണ്ട പരിശ്രമമാണ് വിജയം കണ്ടിരിക്കുന്നത്. ടെക് കമ്പനികളുടെ ശക്തിയെ നിയന്ത്രിക്കാനുള്ള യൂറോപ്പിന്റെ ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പ് കൂടിയാണിത്. കേസിൽ ഐറിഷ് ഗവൺമെന്റുമായി ആപ്പിൾ നിയമവിരുദ്ധമായ ഇടപാടുകൾ നടത്തിയത് വഴി, ചില വർഷങ്ങളിൽ യൂറോപ്യൻ ബിസിനസിന് വളരെ കുറച്ച് നികുതി മാത്രമേ നൽകാൻ കമ്പനിയെ അനുവദിച്ചിട്ടുള്ളൂവെന്നും റെഗുലേറ്റർമാർ കണ്ടെത്തി.
ഈ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനം ആപ്പിൾ മുമ്പ് നേടിയിരുന്നു, എന്നാൽ യൂറോപ്യൻ കമ്മീഷനും, യൂണിയന്റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചും ചേർന്ന്, കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. കേസ് അപ്പീൽ ചെയ്യുമ്പോൾ, 13 ബില്യൺ യൂറോ ഒരു പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. വിധി വന്നത് മൂലം, രാജ്യത്തിന്റെ ബജറ്റിലേക്ക് വലിയ തുക ചേർത്ത് പണം അയർലണ്ടിന് നൽകും.
വരുമാനത്തിന് അമേരിക്കയിൽ നികുതി ചുമത്തിയിരിക്കുന്നതിനാൽ യൂറോപ്യൻ യൂണിയനെ രണ്ട് തവണ നികുതി ചുമത്താൻ ഈ തീരുമാനം അനുവദിക്കുന്നുവെന്നായിരുന്നു ആപ്പിൾ വാദിച്ചത്. ഈ കേസ് നമ്മൾ എത്ര നികുതി അടയ്ക്കുന്നു എന്നതിനെക്കുറിച്ചല്ല, മറിച്ച് ഏത് സർക്കാരിന് നൽകണം എന്നതിനെക്കുറിച്ചാണ് എന്നും അന്താരാഷ്ട്ര നികുതി നിയമമനുസരിച്ച്, ഞങ്ങളുടെ വരുമാനത്തിന് ഇതിനകം തന്നെ യുഎസിൽ നികുതി ചുമത്തിയിട്ടുണ്ടെന്നും യൂറോപ്യൻ കമ്മീഷൻ വസ്തുത അവഗണിക്കാൻ ശ്രമിക്കുകയാണ് എന്നും ആപ്പിൾ പ്രസ്താവനയിൽ പറയുന്നു.
ഗൂഗിളിനെതിരെയുള്ള വിധിയിൽ 2.4 ബില്യൺ യൂറോ പിഴ ചുമത്താനുള്ള 2017 ലെ തീരുമാനത്തോടും കോടതി യോജിച്ചു. 2021-ൽ നൽകിയ അപ്പീൽ ഗൂഗിളിന് നഷ്ടമായിരുന്നു.
കോടതിയുടെ തീരുമാനത്തിൽ നിരാശരാണെന്ന് ഗൂഗിൾ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു, എന്നാൽ 2017 ലെ വിധി അനുസരിച്ച് ഇതിനകം തന്നെ മാറ്റങ്ങൾ വരുത്തിയതായും ഗൂഗിൾ വ്യക്തമാക്കി. മറ്റ് ഷോപ്പിംഗ് വെബ്സൈറ്റുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നതിന് വേണ്ടി ഗൂഗിളിന്റെ സേവനങ്ങൾ പുനർരൂപകൽപ്പന ചെയ്തതും ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. എങ്കിലും, ഗൂഗിളിന്റെ മാറ്റങ്ങൾ ഇപ്പോഴും പര്യാപ്തമല്ലെന്നും വിദഗ്ധർ അഭിപ്രായം ഉന്നയിച്ചിട്ടുണ്ട്.
സാങ്കേതിക വ്യവസായം എങ്ങനെ നിയന്ത്രിക്കപ്പെട്ടു എന്നതിൽ വലിയ മാറ്റം വരുത്തുന്നതായിരുന്നു യൂറോപ്യൻ യൂണിയൻ ആപ്പിളിനും ഗൂഗിളിനും പിഴ ചുമത്തിയ തീരുമാനം. ഈ കേസുകൾ യൂറോപ്യൻ യൂണിയനെയും ആന്റിട്രസ്റ്റ് ചീഫായ മാർഗരേത്ത് വെസ്റ്റേജറെയും സാങ്കേതിക വ്യവസായത്തിലെ ഏറ്റവും കഠിനമായ തീരുമാനങ്ങൾ എടുത്തവരാക്കി മാറ്റിയിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ, പ്രത്യേകിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ, വലിയ ടെക് കമ്പനികളുടെ ബിസിനസ്സ് രീതികൾ കൂടുതൽ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് യൂറോപ്പിന്റെ മാതൃക പിന്തുടർന്ന് വരികയാണ്.
രണ്ട് കേസുകളും വ്യത്യസ്ത നിയമപ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഗൂഗിൾ കേസ് കൂടുതലും ആന്റിട്രസ്റ്റ് നിയമങ്ങളെക്കുറിച്ചാണ്, അതേസമയം ആപ്പിൾ കേസ് രാജ്യങ്ങളുടെ നികുതി നയങ്ങളിൽ ഇടപെടാനുള്ള യൂറോപ്യൻ യൂണിയന്റെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.
ആപ്പിളും ഗൂഗിളും യുഎസിലും യൂറോപ്പിലും നിയമപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഡിജിറ്റൽ പരസ്യ വിപണിയിൽ കമ്പനി അധികാരം ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് നീതിന്യായ വകുപ്പ് കൊണ്ടുവന്ന ആന്റിട്രസ്റ്റ് ചാർജുകൾക്കായി ഗൂഗിൾ ഈ ആഴ്ച യുഎസ് ഫെഡറൽ കോടതിയിൽ എത്തിയിരുന്നു. സെർച്ച് എഞ്ചിൻ വിപണിയെ അന്യായമായി നിയന്ത്രിച്ചതിനാൽ ഇന്റർനെറ്റ് തിരയലിൽ ഗൂഗിൾ കുത്തകയാണെന്ന് കഴിഞ്ഞ മാസം ജഡ്ജി വിധിച്ചു. അതോടൊപ്പം, 2023 ഡിസംബറിൽ, ഗൂഗിൾ പ്ലേ ആപ്പ് സ്റ്റോർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ഗൂഗിൾ ആന്റിട്രസ്റ്റ് നിയമങ്ങൾ ലംഘിച്ചതായും ജൂറി കണ്ടെത്തിയിരുന്നു.