മുംബൈ: കമ്പനിയിലെ പണം വഴിതിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) വിലക്കേര്‍പ്പെടുത്തി. അഞ്ച് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. 25 കോടി രൂപ പിഴയും ചുമത്തി. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്കും വിലക്കും പിഴയും ചുമത്തിയിയിട്ടുണ്ട്.
ഇതോടെ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ മറ്റ് ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കാനോ കഴിയില്ല. ഓഹരി വിപണിയില്‍ ഇടപെടുന്നതിനും വിലക്ക് ബാധകമാകും. റിലയന്‍സ് ഹോം ഫിനാന്‍സിന് വിപണിയില്‍ ആറ് മാസത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് ലക്ഷം രൂപ പിഴയും അടക്കണം.
റിലയന്‍സ് ഹോം ഫിനാന്‍സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണം തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്തതായി 222 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇത്തരത്തിലുള്ള വായ്പാ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അനില്‍ അംബാനിയുടെ സ്വാധീനത്താല്‍ ഉന്നതരുടെ സഹായത്തോടെ ഈ നീക്കം മറികടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.