കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എ.ഐ.എക്സ്. കണക്ടും (പഴയ എയർ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം പൂർത്തിയായി. വിഹാൻ എ.ഐ.യുടെ ഭാഗമായി നാല് എയർലൈനുകളെ രണ്ടെണ്ണമാക്കി ലയിപ്പിക്കാനുള്ള എയർ ഇന്ത്യ ഗ്രൂപ്പിന്റെ പദ്ധതിയുടെ മുന്നോടിയായാണിത്.
എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒറ്റ എയർലൈൻ സ്ഥാപിക്കാനുള്ള നീക്കമാണ് അടുത്തത്. എയർലൈനിന്റെ നവീകരിച്ച ബ്രാൻഡ് അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ എയർ ഇന്ത്യ എക്സ്പ്രസും എ.ഐ.എക്സ്. കണക്ടും തമ്മിലുള്ള ലയനം പൂർത്തിയാക്കാനായി.
എയർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാനുമായ കാംബെൽ വിൽസന്റിന്റെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിലെ ഡി.ജി.സി.എ. ആസ്ഥാനത്ത് വെച്ച് ഡി.ജി.സി.എ. ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് എയർ ഇന്ത്യ എക്സ്പ്രസ് മാനേജിങ് ഡയറക്ടർ അലോക് സിങ്ങിന് പുതുക്കിയ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൈമാറി.