ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്ലും ഗൂഗിള്‍ ക്ലൗഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു. രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ക്ലൗഡ് അധിഷ്ഠിത സേവനം ലഭ്യമാക്കുന്നതിനായി കരാറില്‍ ധാരണയായി. ഇടപാടുകാരായ രണ്ടായിരത്തിലധികം വരുന്ന വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ക്കും 10 ലക്ഷത്തിലേറെ ചെറുകിട ബിസിനസുകാര്‍ക്കും ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വിവിധ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എയര്‍ടെല്ലിന് സാധിക്കും. 2027 ഓടെ 1780 കോടി ഡോളര്‍ വിറ്റുവരവ് പ്രതീക്ഷിക്കുന്ന ഇന്ത്യന്‍ ക്ലൗഡ് വിപണിയില്‍ വലിയ നേട്ടം ലക്ഷ്യമിട്ടാണ് ഇരു കമ്പനികളും ധാരണയിലേര്‍പ്പെട്ടിരിക്കുന്നത്.
കണക്ടിവിറ്റിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്നോളജിയിലുമുള്ള ഇരുകമ്പനികളുടേയും ആധിപത്യം
ഉപയോഗപ്പെടുത്തിക്കൊണ്ട് മാര്‍ക്കറ്റ് വിശകലനം, റിസ്‌ക് മാനേജ്മെന്റ്, കുറഞ്ഞ ചെലവില്‍ മികച്ച പരസ്യ പ്രചാരണം, ഉപയോക്താക്കളുടെ അഭിരുചി അളക്കുന്നതിന്നുള്ള വിപണന സാങ്കേതികവിദ്യ തുടങ്ങിയവ യാഥാര്‍ഥ്യമാക്കുകയാണ് ചെയ്യുന്നത്.