ന്യൂഡൽഹി: എയർ ഇന്ത്യ 85 പുതിയ എയർബസ് ജെറ്റുകൾക്ക് ഓർഡർ നൽകിയതായി റിപ്പോർട്ട്. 5,300 കോടിയോളം രൂപയുടെ ഓർഡറാണ് എയർ ഇന്ത്യ എയർബസിന് നൽകിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 75 എ 320 ഫാമിലി ജെറ്റുകളും 10 എ 350 എസ് വിമാനങ്ങളും ഇതിൽ ഉൾപ്പെടും. സിറിയം അസന്റ് പുറത്തു വിട്ട ആഗോള എയർലൈൻ ഡാറ്റയിലാണ് എയർ ബസിന് ലഭിച്ച പുതിയ ഓർഡറിന്റെ വിവരങ്ങളുള്ളത്. അതേസമയം, ഇത് സംബന്ധിച്ച് എയർ ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ബുധനാഴ്ച രാത്രിയാണ് എയർ ബസിന് ലഭിച്ച ഓർഡറുകളുടെ ഡാറ്റ പുറത്തു വന്നത്. എയർ ഇന്ത്യയുടെ ഉടമകളായ ടാറ്റാ ഗ്രൂപ്പിന്റെ മുൻ മേധാവി രത്തൻ ടാറ്റയുടെ നിര്യാണത്തിന് ഏതാനും മണിക്കൂറുകൾ മുമ്പായിരുന്നു ഇത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് എയർ ബസുമായി എയർ ഇന്ത്യ ചർച്ചകൾ നടത്തി വരുന്നതായി കഴിഞ്ഞ ദിവസം ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എയർ ബസ് ഡീലിന് പുറമെ ബോയിംഗ് കമ്പനിയിൽ നിന്ന് 220 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനും എയർ ഇന്ത്യക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്. ഇന്ത്യൻ വ്യോമയാന മേഖലയിൽ കൂടുതൽ പുതിയ വിമാനങ്ങൾ ഇറക്കി മൽസരം കടുപ്പിക്കാനാണ് എയർ ഇന്ത്യയുടെ പദ്ധതി.